ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബ്ളോക്കിലാണ് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നാഗലശ്ശേരി വില്ലേജിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 26.20 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. നാഗലശ്ശേരി പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തൃത്താല പഞ്ചായത്തും, തെക്കുഭാഗത്ത് തൃശ്ശൂര്‍ ജില്ല-കടങ്ങോട്, കടവല്ലൂര്‍ എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തിരുമിറ്റക്കോട് പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ചാലിശ്ശേരി, പട്ടിത്തറ, തൃശ്ശൂര്‍ ജില്ല-കടവല്ലൂര്‍ പഞ്ചായത്തുകളുമാണ്.പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയില്‍ പൊന്നാനി താലൂക്കില്‍ ഉള്‍പ്പെട്ട അംശങ്ങളായിരുന്നു നാഗലശ്ശേരിയും കോതച്ചിറയും. നാഗലശ്ശേരിയില്‍ 7 ദേശങ്ങളും കോതച്ചിറയില്‍ 3 ദേശങ്ങളും ഉള്‍പ്പെട്ടിരുന്നു. ഈ രണ്ട് അംശങ്ങളും ചേര്‍ന്ന് 1961-ല്‍ വില്ലേജ് പുന:സംഘടനാ വേളയില്‍ നാഗലശ്ശേരി വില്ലേജ് രൂപം കൊണ്ടു. 1961 ജനുവരി 1-ന് നാഗലശ്ശേരി വില്ലേജ് ഉള്‍പ്പെട്ട പ്രദേശം നാഗലശ്ശേരി പഞ്ചായത്തായി തീര്‍ന്നു. പഞ്ചായത്ത് രൂപംകൊണ്ട അവസരത്തില്‍ സ്പെഷ്യല്‍ ഓഫീസറായിരുന്നു ഭരണം നടത്തിയിരുന്നത്. പിന്നീട് പുതിയ തെരഞ്ഞെടുപ്പ് നടന്ന് 1963 ഡിസംബര്‍ 20-ന് പുതിയ ഭരണസമിതി നിലവില്‍ വന്നു. സി.കെ.നായരായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. ചാലപ്പുറത്തുള്ള കട്ടില്‍മാടം, പുരാവസ്തുഗവേഷണ വകുപ്പിന്റെ സവിശേഷശ്രദ്ധയില്‍പ്പെട്ടതാണ്. ഈ ചരിത്രസ്മാരകം കൂടാതെ തിരുത്തിപ്പാറ പ്രദേശത്ത് കാണപ്പെടുന്ന പതിനെട്ടരക്കിണറുകളും ഇവിടെ നിലനിന്നിരുന്ന ജൈനസംസ്കാരത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. നാഗലശ്ശേരി പഞ്ചായത്തിന്റെ സിരാകേന്ദ്രമാണ് കൂറ്റനാട്. ഈ പ്രദേശത്തിന്റെ ഒരു വിളിപ്പാടകലെയാണ് വി.ടി.ഭട്ടതിരിപ്പാടിന്റെ ജന്മനാടായ മേഴത്തൂര്‍. പതിനെട്ടോളം ക്ഷേത്രങ്ങളും, അത്രതന്നെ നമസ്ക്കാര പള്ളികളും, തൊഴുക്കാട് പ്രദേശത്തുള്ള ക്രിസ്തീയ ദേവാലയവുമുള്‍പ്പെടെ പഞ്ചായത്തില്‍ നിരവധി ആരാധനാലയങ്ങളുണ്ട്. പഞ്ചായത്തിന്റെ വടക്കുഭാഗത്ത് മുടവന്നൂര്‍ കുന്നും തെക്കുഭാഗത്ത് കോതച്ചിറകുന്നും കിഴക്കു പടിഞ്ഞാറായി നീണ്ടു കിടക്കുന്നു. ഇവ രണ്ടിനുമിടയ്ക്ക് ഇടവിട്ട് ഓട്ടുപാറ, മൈലാഞ്ചി എന്നീ രണ്ടുനിര കുന്നുകള്‍ കൂടി കിഴക്കുപടിഞ്ഞാറായി നീണ്ടുകിടക്കുന്നു.