ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹിക ഭരണചരിത്രം
വളരെ സമ്പന്നമായ ഒരു ഭൂതകാലമാണ് നാഗലശ്ശേരി പഞ്ചായത്തിനുള്ളത്. ഈ പ്രദേശത്തിന്റെ സ്ഥലനാമത്തെ കുറിച്ച് പ്രസിദ്ധമായ ഒരു ഐതിഹ്യമുണ്ട്. മഹാപണ്ഡിതന്‍മാര്‍ ജീവിച്ചിരുന്ന സംസ്കൃതവ്യാകരണത്തിന്റെ ഗുരുകുലമായി ഭാരതം മുഴുവന്‍ അറിയപ്പെട്ടിരുന്ന കൂടല്ലൂര്‍ മനയില്‍ വ്യാകരണശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ പതഞ്ജലി മഹര്‍ഷിയെ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നു. പതഞ്ജലി നാഗരാജാവിന്റെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെ നാഗരാജാവിനെ പ്രതിഷ്ഠിച്ച നാഗരാജശ്രീ വിളയാടുന്ന സ്ഥലം നാഗലശ്ശേരി ആയിത്തീര്‍ന്നു എന്നാണ് ഐതിഹ്യം. നാടുവാഴിത്തത്തിന്റെ ശക്തമായ വേരോട്ടമുള്ള സ്ഥലമായിരുന്നു ഇത്. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും വേങ്ങാട്ടുമന, കൂടല്ലൂര്‍മന, പൂമുള്ളിമന എന്നിങ്ങനെ മൂന്ന് പ്രധാന ജന്മികളുടെ കീഴിലായിരുന്നു. വേങ്ങാട്ടൂര്‍മനയും കൂടല്ലൂര്‍മനയും വളരെക്കാലം മുമ്പുമുതല്‍ തന്നെ ഇവിടെ നിലനിന്നിരുന്ന ജന്മിഗൃഹങ്ങളാണ്. പൂമുള്ളിമനയാകട്ടെ ശക്തന്‍ തമ്പുരാന്റെ കാലത്ത് തൃശൂരിലുള്ള ഊരകത്ത് നിന്ന് ഈ പ്രദേശത്തേക്ക് കുടിയേറിപ്പാര്‍ത്തവരുടേതാണ്്. ഇതിനും പുറമെ പത്ത് പന്ത്രണ്ട് നമ്പൂതിരി ജന്മിഗൃഹങ്ങളും ഇവിടെയുണ്ടായിരുന്നു. നാടുവാഴി നമ്പ്യാന്‍മാരില്‍ നിന്നും ഏറ്റവും പ്രായം ചെന്ന ആളെ നാടുവാഴി നമ്പിടിയായി തെരഞ്ഞെടുത്തിരുന്നു. അന്നത്തെ നമ്പിടിമാര്‍ കൊല്ലിനും കൊലയ്ക്കും അധികാരമുള്ള ശക്തരായ നാടുവാഴികളായിരുന്നു. ആമക്കാവ്, കാരക്കാട്, കൊട്ടിലിങ്കല്‍ എന്നീ ദേവസ്വങ്ങള്‍ ഇവരുടെ കീഴിലായിരുന്നു.പിന്നീട് ബ്രാഹ്മണ്യത്തിന്റെ ആധിപത്യവും അവരോടുള്ള ബഹുമാനവും വര്‍ദ്ധിച്ചു വന്നതോടെ ഈ ദേവസ്വങ്ങള്‍ അവര്‍ക്ക് കീഴിലൊതുങ്ങി. അടുത്ത കാലം വരെ കൊട്ടിലിങ്കല്‍ അമ്പലത്തില്‍ നടന്നിരുന്ന എല്ലാ ചടങ്ങുകള്‍ക്കും നാടുവാഴി നമ്പിടിയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഒരു കാലത്ത് ജൈനമതസംസ്കാരം നാട്ടില്‍ വ്യാപകമായിരുന്നു എന്ന് ചരിത്രം പറയുന്നു. ഈ പ്രദേശത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും ജൈനമതസംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. 1875 മുതല്‍ 1888 വരെ മലബാറില്‍ കളക്ടറും മജിസ്ട്രേറ്റുമായിരുന്ന വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ കൂറ്റനാടിന്റെ ചരിത്രം പരാമര്‍ശിക്കുന്നുണ്ട്. കൂറ്റനാടിന്റെ ഭാഗമായി 24 അംശങ്ങള്‍ നിലനിന്നിരുന്നു. 1760-കളില്‍ ഈ പ്രദേശം ഹൈദരാലിയുടെ അധീനതയിലായിരുന്നു. 1765-66 കൊല്ലങ്ങളില്‍ ഹൈദരാലി ഈ നാട്ടില്‍ സന്ദര്‍ശനം നടത്തുകയും ഈ ഭാഗത്ത് ഭരണം നടത്തുവാന്‍ മഹാദേവരാജ എന്നാരാളെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ പ്രദേശം സാമൂതിരി പിടിച്ചെടുത്തെങ്കിലും വീണ്ടും ഹൈദരാലി തന്റെ ആധിപത്യത്തിന്‍ കീഴിലാക്കി. അങ്ങനെ മാറിമാറി സാമൂതിരിയും മൈസൂര്‍ രാജാക്കന്‍മാരും ഈ പ്രദേശം കൈവശം വച്ചുപോന്നു. നികുതിയടയ്ക്കാന്‍ കഴിവില്ലാത്ത പലരേയും ശ്രീരംഗപട്ടണത്തേക്ക് പിടിച്ചുകൊണ്ടുപോയതായി മാന്വലില്‍ കാണുന്നു. ടിപ്പുവിന്റെ പടയോട്ടം ഈ പ്രദേശത്തുകൂടി കടന്നുപോയതായി പറയപ്പെടുന്നു. ടിപ്പുവിന്റെ കോട്ടയുടെ അവശിഷ്ടം കൂറ്റനാട് പള്ളിയുടെ സമീപം ഇന്നും കാണാം. അവിടെയുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠ ക്ഷേത്രത്തിന്റെ ഉടമസ്ഥത കൈയ്യാളിയിരുന്ന ചെറുകുളപുറത്തു മനക്കാര്‍ പിലാക്കാട്ടിരിയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. ഇന്നും ആ ക്ഷേത്രം കൂറ്റനാട് കാവ് എന്നറിയപ്പെടുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പല ജന്മിഗൃഹങ്ങളും തിരുവിതാംകൂറിലേക്ക് കുടിയേറിപ്പോയതായും പിന്നീട് അവര്‍ തിരിച്ചുവന്നതായും പഴമക്കാര്‍ പറയുന്നു. ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍കീഴില്‍ വന്നതിനു ശേഷം കൂറ്റനാട് ആസ്ഥാനമായി ഒരു കോടതിയും ചുങ്കംപിരിവും ഉണ്ടായിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നു. അമ്പലക്കുളത്തില്‍ അയിത്തജാതിക്കാരോടൊപ്പം കുളിച്ച് അവരെക്കൊണ്ട് ജന്‍മിയുടെ കയ്പഞ്ചരി അമ്പലത്തില്‍ ദര്‍ശനം നടത്താന്‍ നേതൃത്വം നല്‍കിയ രാവുണ്ണി എഴുത്തച്ഛന്‍ മാസ്റ്റര്‍ പെരിങ്ങോട്ട് സ്ക്കൂള്‍ അധ്യാപകനായിരുന്നു. ഈ കാരണം കൊണ്ടു തന്നെ ജന്‍മിയുടെ സ്ക്കൂളില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കുകയും പ്രതികാരനടപടികളുടെ ഫലമായി അദ്ദേഹത്തിന് നാടുവിടേണ്ടതായും വന്നു. കാണക്കുടിയാന്‍മാരുടെ പ്രക്ഷോഭം നയിച്ച് മന്നത്ത് പത്മനാഭന്‍, പെരിങ്ങോട്ട് വന്ന് സംസാരിച്ച പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചു എന്ന കാരണത്താല്‍ വക്കീലന്‍മാരും ജഡ്ജിമാരും അടങ്ങുന്ന കവുങ്ങില്‍ പൊറ്റേക്കാട് എന്ന പ്രബല കുടുംബത്തെ കുടിയിറക്കി നാടുകടത്തുകകൂടി ഉണ്ടായി. കര്‍ഷകത്തൊഴിലാളികളുടെ കൂലിക്കും പതത്തിനും വേണ്ടി ശക്തമായ അവകാശസമരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഏറ്റവുമധികം മിച്ചഭൂമി ഉണ്ടായിരുന്ന ഈ പഞ്ചായത്തില്‍ മിച്ചഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചുകിട്ടുവാനായി 1970-കളില്‍ നിരന്തരമായ സമരങ്ങള്‍ നടന്നു. ആ ഭൂമി ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും അളന്ന് വിതരണം ചെയ്തു കൊടുത്തു. കിളിവാലന്‍കുന്നിലെ നാലേക്കര്‍ സ്ഥലം ഇതുപോലെ വിതരണം ചെയ്തു. മിച്ചഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്തതും അത് നിലനിര്‍ത്തിയതും കേരള കര്‍ഷക സമരചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. ഇതിനു സമാന്തരമായി അധ്യാപകപ്രസ്ഥാനത്തിലും ചലനങ്ങളുണ്ടായി.
അടിസ്ഥാനമേഖലാവികസനചരിത്രം
ഗ്രാമത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് വികസനത്തിന്റെ തേര്‍ചക്രങ്ങള്‍ ഉരുളാനുള്ള റോഡ് സൌകര്യം ആദ്യമായി ഉണ്ടായത് കൂറ്റനാട് നിന്ന് പെരിങ്ങോട്ടേക്ക് റോഡ് വെട്ടിയതോടെയാണ്. പൂമള്ളിമനക്കാര്‍ സ്വകാര്യ ആവശ്യത്തിന് വേണ്ടി ഉണ്ടാക്കിയതായിരുന്നുവെങ്കിലും അന്നത്തെ ചരക്കുഗതാഗതത്തിന് (കാളവണ്ടികള്‍) അതു സഹായകമായി. ഈ പ്രദേശത്ത് ആദ്യമായി ബസ് സര്‍വ്വീസ് ആരംഭിച്ച ചെറുകുളപ്പുറത്ത് മനക്കാര്‍ ബസ് മനയ്ക്കലേക്ക് എത്തിക്കുന്നതിന് പെരിങ്ങോട് റോഡില്‍ നിന്നും പിലാക്കാട്ടിരിയിലേക്ക് റോഡ് വെട്ടുകയുണ്ടായി. ഈ പഞ്ചായത്തില്‍ 1920-കളിലാണ് ആദ്യമായി തപാലാഫീസ് വന്നത്. പിലാക്കാട്ടിരിയിലെ ചെറുകുളപ്പുറത്ത് മനയ്ക്കലെ പടിപ്പുരയിലായിരുന്നു ആദ്യത്തെ തപാലാഫീസ്. മനയ്ക്കലെ ത്രിവിക്രമന്‍ നമ്പൂതിരി കച്ചവടാവശ്യത്തിന് തയ്യാറാക്കിയിരുന്ന ആയുര്‍വേദമരുന്നുകള്‍ പാഴ്സലായി അയക്കുന്നതിനു വേണ്ടിയാണ് പോസ്റ്റോഫീസ് സ്ഥാപിച്ചത്. ആ പോസ്റ്റോഫീസാണ് പിന്നീട് പെരിങ്ങോട്ടേക്ക് മാറ്റിയത്. അക്കാലത്ത് തപാല്‍സഞ്ചിയും തലയില്‍ ചുമന്ന് കുടമണിയും കുന്തമുനയുമായി അതിവേഗം പട്ടാമ്പിയിലേക്ക് കുതിച്ചിരുന്ന അഞ്ചലോട്ടക്കാരന്‍ കുഞ്ഞിക്കൃഷ്ണന്‍ നായരെ ജനങ്ങള്‍ കൌതുകത്തോടും ബഹുമാനത്തോടും കൂടിയായിരുന്നു വീക്ഷിച്ചിരുന്നത്. ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം പെരിങ്ങോട് 1912 ജൂണ്‍ ആറിന് പൂമുള്ളിമനയുടെ മാനേജ്മെന്റിന്‍ കീഴില്‍ സ്ഥാപിക്കപ്പെട്ട എല്‍.പി.സ്കൂളാണ്. ആധുനികവിദ്യാഭ്യാസത്തിന് ഇവിടെ തുടക്കം കുറിച്ചത് ഇങ്ങനെയാണ്. അതിനുമുമ്പ് വിവിധ ഭാഗങ്ങളില്‍ നിലത്തെഴുത്താശ്ശാന്‍മാരുടെ കുടിപ്പള്ളിക്കൂടങ്ങള്‍ അവരുടെ ഗൃഹങ്ങളില്‍ വച്ച് നടത്തപ്പെട്ടിരുന്നു. ആധുനിക ചികിത്സാസൌകര്യങ്ങള്‍ ലഭിക്കുന്നതിനുമുമ്പ് ജനങ്ങള്‍ നാട്ടുചികിത്സയെയാണ് ആശ്രയിച്ചിരുന്നത്. മണ്ണാന്‍ സമുദായത്തില്‍പെട്ടവരായിരുന്നു നാട്ടുവൈദ്യന്‍മാരില്‍ ഭൂരിഭാഗവും. സവര്‍ണ-അവര്‍ണ വ്യത്യാസമില്ലാതെ എല്ലാവരും ഈ ചികിത്സകരെ ആശ്രയിച്ചിരുന്നു. വിഷചികിത്സ, കണ്ണുചികിത്സ എന്നിവയില്‍ വിദഗ്ദ്ധന്‍മാരുണ്ടായിരുന്നു. ചെറുകുളപ്പുറത്ത് കൃഷ്ണന്‍ നമ്പൂതിരി പ്രസിദ്ധ വിഷചികിത്സകനായിരുന്നു. ആദ്യമായി ഈ പഞ്ചായത്തില്‍ ആധുനികചികിത്സ (അലോപ്പതി) പഠിച്ച് ഈ പഞ്ചായത്തില്‍ തന്നെ ഡിസ്പെന്‍സറി തുടങ്ങി പിന്നീട് പ്രസിദ്ധ ന്യൂറോ സര്‍ജനായിത്തീര്‍ന്ന വ്യക്തിയായിരുന്നു ഡോ.കെ.എന്‍.നമ്പൂതിരിപ്പാട്. സമീപപ്രദേശങ്ങളില്‍ വൈദ്യുതി എത്തുന്നതിന് എത്രയോ മുമ്പുതന്നെ കൂടല്ലൂര്‍ മനയില്‍ 1930-കളില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കക്കുന്നിന്റെ മുകളില്‍ ഒരു കാറ്റാടിയന്ത്രം സ്ഥാപിച്ചിരുന്നു. അത് വേണ്ടത്ര ഫലപ്രദമല്ലാത്തതിനാല്‍ ജനറേറ്റര്‍ സ്ഥാപിച്ച് പിന്നീട് അവര്‍ സ്വന്തം ആവശ്യാര്‍ത്ഥം വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നു. ഈ സംവിധാനം പിന്നീട് പൂമുള്ളിമനയ്ക്കലും വരുത്തുകയുണ്ടായി. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ വൈദ്യുതിലൈന്‍ വെള്ളറക്കാട്ടുനിന്ന് വലിപ്പിച്ച് ആദ്യമായി പഞ്ചായത്തില്‍ വൈദ്യുതി എത്തിച്ചത് പൂമുള്ളി മനക്കാരാണ്. പഴയകാലത്ത് സര്‍ക്കാര്‍ കല്‍പിച്ചുകൊടുക്കുന്ന ചില പ്രത്യേക അധികാരത്തോടെ നാട്ടിലെ പ്രമാണിമാരെ നീതിന്യായ നിര്‍വ്വഹണത്തിന് ചുമതലപ്പെടുത്തിയിരുന്നു. അപ്രകാരം ചുമതലപ്പെടുത്തപ്പെട്ട വില്ലേജ് മജിസ്ട്രേറ്റായിരുന്നു പൂമുള്ളി കുഞ്ചുണ്ണി നമ്പൂതിരിപ്പാട്. കോടതി പ്രവര്‍ത്തിച്ചിരുന്നത് ഇന്ന് പെരിങ്ങോട് ഹൈസ്ക്കൂള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന ബംഗ്ളാവ് എന്നറിയപ്പെടുന്ന കെട്ടിടത്തിലായിരുന്നു. ഈ പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാല 1952ല്‍ പെരിങ്ങോട് വിജ്ഞാനപോഷിണി എന്ന പേരില്‍ രൂപം കൊണ്ടു. ഓവന്നൂരില്‍ ഗ്രാമീണ വായനശാല 1957-ല്‍ തുടങ്ങി. തുടര്‍ന്ന് പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും ഗ്രന്ഥശാലകള്‍ വളര്‍ന്നുവന്നു. ഈ കാലത്തുതന്നെ വിവിധ കലാസമിതികളുടെ പ്രവര്‍ത്തനവും നാട്ടില്‍ ഉടലെടുത്തു. പല പ്രദേശങ്ങളിലും യുവജനങ്ങള്‍ നടത്തി വന്നിരുന്ന കയ്യെഴുത്തുമാസികകള്‍ പ്രചരിച്ചിരുന്നു.
സാംസ്കാരിക ചരിത്രം
കലാസാംസ്കാരിക രംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഈ പ്രദേശത്തിന് അവകാശപ്പെടാനുണ്ട്. പെരിങ്ങോട് നാറേരിമനകള്‍ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന കഥകളികളരിയും നാടകസംഘവും കൂടല്ലൂര്‍ മനയ്ക്കല്‍ തേക്കിന്‍കാട്ടില്‍ രാവുണ്ണിനായരുടെ ശിക്ഷണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കഥകളികളരിയും നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ടതുണ്ട്. ആ കളരിയില്‍ നിന്നും ഉയര്‍ന്നുവന്ന കലാകാരന്‍മാരാണ് കലാമണ്ഡലം ഗോപിയും വടക്കേപ്പാട്ട് രാമകൃഷ്ണന്‍നായരും. പെരിങ്ങോടിന്റെ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒരു മികച്ച സംഭാവനയാണ് പ്രസിദ്ധ സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യന്‍ പൂമുള്ളി രാമന്‍ നമ്പൂതിരിപ്പാട്. പ്രശസ്തരായ വളരെയേറെ കലാകാരന്‍മാര്‍ക്ക് ജന്മം കൊടുക്കുവാന്‍ ഈ പ്രദേശത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. കഥകളിരംഗത്ത് പ്രശസ്തനടന്‍ പെരിങ്ങോട് ശങ്കുണ്ണിനായര്‍, കഥകളി സംഗീതത്തില്‍ വിദ്വാനായിരുന്ന കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, തായമ്പക വിദഗ്ദ്ധനായിരുന്ന നീട്ടിയത്ത് ഗോവിന്ദന്‍നായര്‍, ഇലത്താളവിദഗ്ദ്ധന്‍ വടക്കത്ത് നാരായണന്‍നായര്‍, കുഴലൂത്തില്‍ പേരുകേട്ട പൈങ്കോട്ട് നാരായണന്‍നായര്‍, തിമലവിദ്വാനായിരുന്ന കൃഷ്ണന്‍കുട്ടിമാരാര്‍, അകാലത്ത് മരണം തട്ടിയെടുത്ത കഥകളിസംഗീതത്തില്‍ ഒരു വാഗ്ദാനമായിരുന്ന കലാമണ്ഡലം രവീന്ദ്രന്‍, കോതച്ചിറ ശങ്കരന്‍നായര്‍ (കൊമ്പ്), കൂവപ്പള്ളി പുഷ്പോത്ത് പരമേശ്വരന്‍ നമ്പീശന്‍ തുടങ്ങിയവര്‍ക്കെല്ലാം ജന്മം നല്‍കാന്‍ ഈ ഗ്രാമത്തിന് കഴിഞ്ഞു. തുഞ്ചത്ത് എഴുത്തച്ഛന്റെ ഭാര്യാഗൃഹമായിരുന്ന എടപ്പാള്‍ ഗൃഹം ആമക്കാവിലാണ്. ഈ പഴയകാല കലാസാംസ്കാരിക പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് പെരിങ്ങോട് ഹൈസ്ക്കൂള്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന പെരിങ്ങോട് ഹൈസ്ക്കൂള്‍ പഞ്ചവാദ്യസംഘം. ഈ വിദ്യാലയം ആസ്ഥാനമായി ഒരു കഥകളി പ്രൊമോഷന്‍ സൊസൈറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.